January 17 Wednesday 6:36:13 AM

സരിതാ എസ്. നായർ കേസുകൾ ഒരോന്നായി ഒത്തുതീർപ്പിലാക്കുന്നുവെന്ന് സൂചന

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ എസ്. നായർ കേസുകൾ ഒരോന്നായി ഒത്തുതീർപ്പിലാക്കുന്നുവെന്ന് സൂചന. താമസിയാതെ തന്നെ സരതിയ്‌ക്കെതിരായ സാമ്പത്തിക കേസുകൾക്ക് അന്തമുണ്ടാകും. കോടികളുടെ കടം സരിത തീർത്തുകഴിഞ്ഞെന്നും കേസുകൾ പലതും ഒത്തുതീർപ്പാക്കിയെന്നും മംഗളം ആണ് റിപ്പോർട്ട് ചെയ്യുന്നത്. ചലച്ചിത്രനടി, മുൻ മന്ത്രി ഓഹരി ഉടമയായ ചാനലിൽ അവതാരക, എഴുത്തുകാരി...ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയും. ഗ്ലാമർ ലോകത്താണിപ്പോൾ സരിതയെന്നാണ്. സോളാർ തട്ടിപ്പിൽ 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. ഇവർ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാണു കേസ്. എന്നാൽ, കോടികളുടെ കടം സരിത തീർത്തുകഴിഞ്ഞു. കേസുകൾ പലതും ഒത്തുതീർപ്പാക്കി.

തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലിൽ അടയ്ക്കപ്പെട്ടപ്പോഴാണു രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥപ്രമുഖർ എന്നിവരുമായി സരിതയ്ക്കുള്ള അടുപ്പം വെളിപ്പെട്ടത്. ഇതിനിടെ ഒന്നേകാൽ കോടി രൂപ നൽകി 14 കേസുകൾ തീർപ്പാക്കി. തലസ്ഥാനത്തു കണ്ണായസ്ഥലത്തെ വീട്ടിലാണു താമസം. തിരുവനന്തപുരം വിളവൂർക്കൽ നാലാംകല്ലിനു സമീപമാണ് ഈ രമ്യഹർമ്യം. സഞ്ചരിക്കാൻ ആഡംബരവാഹനം. പരിചാരകർക്കു വീടും ജോലിയും. സരിത ഏറെ തിരക്കിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാൻ കാരണക്കാരിയായ പഴയ സോളാർ നായികയ്ക്ക് ഇപ്പോൾ രാഷ്ട്രീയതാൽപര്യങ്ങളില്ല.

സോളാർ വ്യവസായവുമായും ബന്ധമില്ല. മാസങ്ങളോളം ജയിലിൽ കിടന്നപ്പോൾ ബ്യൂട്ടീഷൻ കോഴ്സും തയ്യലും പഠിച്ചു. പിണറായി സർക്കാർ അധികാരമേറ്റശേഷം തന്നെ പീഡിപ്പിച്ചവർക്കെതിരേ നിരവധി പരാതികൾ സരിത നൽകി. എന്നാൽ ഈ കേസിലൊന്നും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സോളാറിലെ ജ്യൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനത്തെ കുറിച്ചും ആർക്കും ഒന്നും അറിയില്ല. ഇതിനിടെയാണ് കേസുകൾ സരിത ഒത്തുതീർപ്പാക്കിയെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം പൾസർ സുനിയുടെ മാഡം വെളിപ്പെടുത്തലാണ് സരിതയെ ചർച്ചാ വിഷയമാക്കിയത്. ഇത് സമർത്ഥമായി പ്രതിരോധിച്ച് സരിത രംഗത്ത് വന്നിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഫെനിബാലകൃഷ്ണൻ രംഗത്തെത്തിയതോടെ ഏവരുടെയും ശ്രദ്ധ സരിതാ എസ് നായരിലെത്തി. കേസിൽ സരിതയുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നായിരുന്നു പലരും പരസ്പരം ചോദിച്ചിരുന്നത്. ഇതോടൊപ്പം അപ്രതീക്ഷിതമായി 'മാഡം ' കഥയിൽ കടന്നു വന്നതോടെ ഏവരുടേയും സംശയം സരിതയിലേക്ക് തന്നെ നീണ്ടു. ഒരു സംശയവും വേണ്ട, ഫെനി പറഞ്ഞ മാഡം താനല്ലെന്നാണ് മാധ്യമങ്ങളുടെ മുന്നിൽ ഏറെക്കാലത്തിനു ശേഷം പ്രത്യക്ഷപ്പെട്ട സരിത പറയുന്നത്. കേസുകളുടെ കാര്യത്തിൽ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നതെന്നും അവർ പറഞ്ഞു. ഇപ്പോഴുള്ളത് വേറെ വിഷയമാണ്. ഫെനി ഇക്കാര്യത്തിൽ പ്രോഫഷണലായ ഒരു നീക്കം നടത്തിയാതാകാമെന്നാണ് വാർത്ത കേട്ടപ്പോൾ തോന്നിയതെന്നു സരിത പരഞ്ഞിരുന്നു. ഇതിൽ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. ഫെനിയുമായി ഇപ്പോൾ ബന്ധമില്ലെന്നും അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ അഡ്വക്കേറ്റ് അല്ലെന്നും സരിത വെളിപ്പെടുത്തിയിരുന്നു.

കീഴടങ്ങാൻ സഹായത്തിനായി തന്നെ കാണാനെത്തിയ പൾസർ സുനിയെ ഫെനി അപ്പോൾ തന്നെ പൊലീസിൽ ഏൽപ്പിക്കേണ്ടിയിരുന്നുവെന്നും സരിത പറഞ്ഞിരുന്നു. കേസിന്റെ സെൻസേഷണൽ സ്വഭാവം പരിഗണിച്ച് പൊലീസിന് വിവരമറിയിക്കുന്നതിന് പകരം എല്ലാം കഴിഞ്ഞ ശേഷം വിളിച്ചുവെന്നു പറയുന്നതിൽ കാര്യമില്ലെന്നാണ് സരിതയുടെ അഭിപ്രായം. കോടതിയിൽ കീഴടങ്ങുന്നതിന് മുൻപായി പൾസർ സുനി ആദ്യം തന്നെ സമീപിച്ചിരുന്നെന്നും മാവേലിക്കര കോടതിയിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൽ മാഡത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞുവെന്നുമുള്ള ഫെനിബാലാകൃഷ്ണന്റെ വെളിപ്പെടുത്തലാണ് ഈ കേസിലേക്ക് സരിതയുടെ പേരും വലിച്ചിഴച്ചത്. സരിതയുടെ മുൻ അഭിഭാഷകനാണ് ഫെനി.

 


9/15/2017 | 31
Header 1682