January 17 Wednesday 6:24:13 AM

രണ്ട് പതിറ്റാണ്ടിനുശേഷം വിഭാഗീയതയില്ലാതെ സി പി എം സമ്മേളനങ്ങൾ;വി എസ് പക്ഷത്തിന്റെ പൊടി പോലും ഇല്ല

 

കോഴിക്കോട്: എതാണ്ട് 20 കൊല്ലത്തോളം സിപിഎമ്മിൽ ഏത് സമ്മേളനക്കാലത്തും കേൾക്കുന്ന വാക്കായിരുന്ന വിഭാഗീയത. വി എസ്-പിണറായി പോരിന്റെ നീണ്ട ചരിത്രത്തിനൊടുവിൽ പാർട്ടിയിൽ പിണറായി വിജയന്റെ സമ്പുർണ ആധിപത്യം. 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎമ്മിന്റെ എറ്റവും താഴെതട്ടിലുള്ള ഘടകമായ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുമ്പോൾ വി എസ് പക്ഷം പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിലാണ്.

ഒരു ജില്ലാകമ്മറ്റി പോലും ഇന്ന് വി എസ് പക്ഷത്തിന്റെതായി പറയാനില്ല എന്ന് മാത്രമല്ല, വി എസ് പക്ഷത്തിനൊപ്പമാണ് എന്ന് പറയുന്ന ഒരു നേതാവും ഇന്ന് പാർട്ടിയിൽ ഇല്ല.കഴിഞ്ഞ രണ്ടു പാർട്ടി സമ്മേളനങ്ങളും വിഭാഗീയതയുടെ അതിപ്രസരംമൂലം കേന്ദ്രകമ്മറ്റി പ്രത്യേകമായി തയാറാക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് നടന്നിരുന്നത്.എന്നാൽ ഇത്തവണ അങ്ങിനെയാന്ന് ഇല്ല എന്നതുതന്നെ പാർട്ടിയിൽ സമ്പൂർണ്ണമായ ഐക്യം വന്നതിന്റെ സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ കുറെക്കാലാമായി പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും വി എസ് എന്ന ഒറ്റ അജണ്ടയിൽ ആയിരുന്നെങ്കിൽ ഇപ്പോഴത് മറ്റുവിഷയങ്ങളിലേക്ക് മാറിയത് പാർട്ടിയിൽ ആരോഗ്യകരമായ അന്തരീക്ഷം കൊണ്ടുവരുമെന്നാണ് നേതൃത്വം കരുതുന്നത്.പാർട്ടിയിലും സർക്കാറിലും സമ്പുർണ ആധിപത്യം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ഭരണനേട്ടങ്ങളും പോരായ്മകളുമാണ് ഇത്തവണത്തെ സമ്മേളനങ്ങളിൽ സജീവ ചർച്ചയാവുന്നത്.

പാർട്ടി അംഗങ്ങളുടെ സ്വതന്ത്ര അഭിപ്രായം കേൾക്കാനായി മുതിർന്ന നേതാക്കൾ നേരിട്ട് സമ്മേളനങ്ങളിൽ എത്തുന്നുണ്ട്. അതേസമയം അവശേഷിക്കുന്ന വിഭാഗീയത എവിടെയെങ്കിലും ഉണ്ടെങ്കിൽ യാതൊരുകാരണവശാലും അനുവദിക്കുന്ന പ്രശനില്‌ളെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചിട്ടുണ്ട്.

മത്സരം പരമാവധി ഒഴിവാക്കി സെക്രട്ടറിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കണമെന്ന് സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശമുണ്ട്. മാത്രമല്ല പുതിയ നേതൃത്വത്തിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും ന്യൂനപക്ഷവിഭാഗത്തിൽപെട്ടവർക്കും സ്ത്രീകൾക്കും മുൻഗണവേണമെന്ന് പാർട്ടി സർക്കുലറിൽ പറയുന്നു.തർക്കങ്ങൾ ഒഴിവാക്കണമെന്നും പൊതുസമ്മതരായ സ്ഥാനാർത്ഥികളെ പരമാവധി മത്സരിപ്പിക്കണമെന്നും സർക്കുലർ വ്യക്താമക്കുന്നു.

ബ്രാഞ്ച് കഴിഞ്ഞുള്ള ലോക്കൽ സമ്മേളനങ്ങൾ തൊട്ട് കമ്മറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിക്കുമ്പോൾ കർശന ശ്രദ്ധ വേണമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാനൽ അവതരിപ്പിച്ച് പിന്നെ ചായക്കും മറ്റുമായി പിരിയരുതെന്നും അനൗദ്യോഗിക നിർദ്ദേശമുണ്ട്. ഇത്തരം ഇടവേളകളിലാണ് വ്യക്തി അധിഷ്ഠിതവും വിഭാഗുയവുമായ ചർച്ചകൾ നടക്കുക എന്ന നേരത്തെയുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.

സർക്കാറിന്റെ പ്രവർത്തനത്തിനൊപ്പം നേരത്തെ പാർട്ടി ചർച്ചചെയ്ത തെറ്റുതിരുത്തൽ രേഖയുടെ പുരോഗതിയും ചർച്ചയാവും. ഇതിന്റെ ഭാഗമായിതന്നെ ദൈവവിശ്വാസം ആചാരം തുടങ്ങിയ വിഷയങ്ങളും കടന്നുവരുന്നുണ്ട്.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്രദർശനം വിവാദമയതിന്റെ സാഹചര്യത്തിൽ പാർട്ടിഘടകങ്ങളിൽ ഇക്കാര്യം ശക്തമായ വിമർശനത്തിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് 31,700 ബ്രാഞ്ചുകളിലായി 4.64 ലക്ഷം അംഗങ്ങളാണ് സി.പി.എം സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്തമാസം 15ന് പൂർത്തിയാവും.തുടർന്ന് ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമാവും. നവംബർ 15 മുതൽ ഡിസംബർ 15വരെയുള്ള ഒരുമാസക്കാലയളവിലായി, 2093 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാവും. ഡിസംബർ 26 മുതൽ ജനുവരി 21വരെ ജില്ലാസമ്മേളനങ്ങൾ നടക്കും.സംസ്ഥാന സമ്മേളനം ഫെബ്രുവരി അവസാനം തൃശൂരിൽ നടക്കും.


9/16/2017 | 63
Header 1685