January 17 Wednesday 2:34:59 PM

രാമലീല തിയറ്ററിൽ പോയി കാണാൻ ജനപ്രിയ നായകന് ആകുമോ

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയുടെ നഗ്‌നചിത്രം പകർത്തണമെന്നാവശ്യപ്പെട്ടു എന്നതു മാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം. പുതിയ കുറ്റമൊന്നും അന്വേഷണസംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ട്. കോടതിയുടെ ഉപാധികൾ പൂർണമായും അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്ത കാര്യവും ദിലീപ് ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി.

ജാമ്യംതേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ നാദിർഷയോട് വെള്ളിയാഴ്ച അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 18-ലേക്ക് മാറ്റുകയും ചെയ്തു. ഈ ഹർജി ജസ്റ്റീസ് ഉബൈദാണ് പരിഗണിച്ചത്. നാദിർഷായ്ക്ക് അനുകൂലമായ പരാമർശങ്ങൾ ഉണ്ടായി. കേസ് നീളുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിചാരണകോടതി എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്. ജസ്റ്റീസ് ഉബൈദിന്റെ പരാമർശങ്ങൾ കോടതിയെ സ്വാധീനിച്ചാൽ ദിലീപിന് ജാമ്യം കിട്ടും. അല്ലാത്ത പക്ഷം ദിലീപിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

ദിലീപിന്റെ ചിത്രമായ രാമലീല് ഈ മാസം 28ന് റിലീസ് ചെയ്യുന്നുണ്ട്. അതിന് മുമ്പ് ജയിൽ മോചിതനാകാനാണ് ദിലീപിന്റെ നീക്കം. ഇതിന് വേണ്ടിയാണ് മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. ഇവിടെ തള്ളിയാൽ ദിലീപ് വീണ്ടും അപ്പീൽ കൊടുക്കും. നിലവിൽ ജസ്റ്റീസ് സുനിൽ തോമസാണ് ദിലീപിന്റെ ജാമ്യ ഹർജികൾ ഹൈക്കോടതിയിൽ പരിഗണിച്ച് തള്ളിയത്. അതുകൊണ്ട് കൂടിയാണ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് പോയത്. പുതിയ അപ്പീൽ ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിലെത്തുമെന്നാണ് ദിലീപ് പക്ഷത്തിന്റെ പ്രതീക്ഷ. ദിലീപിനെതിരെ തെളിവുണ്ടെന്ന് കേസ് ഡയറി പരിശോധിച്ച് സുനിൽ തോമസ് നിഗമനത്തിലെത്തിയിരുന്നു. അതുകൊണ്ട് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ച് ശേഷം അപ്പീലുമായി ഹൈക്കോടതിയിൽ എത്തുമ്പോൾ അത് വീണ്ടും ജസ്റ്റീസ് സുനിൽ തോമസ് പരിഗണിക്കുന്നത് ദിലീപിന് തിരിച്ചടിയാവുകയും ചെയ്യും.

രാമലീലയുടെ റിലീസ് ദിവസം ആരാധകർക്കൊപ്പം ചിത്രം കാണാനാണ് ദിലീപിന്റെ ആഗ്രഹം. ഇതിലൂടെ തന്റെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനാകുമെന്നും കരുതുന്നു. രാമലീല വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമയെ കൂകി തോൽപ്പിക്കരുതെന്ന് മോഹൻലാലും മമ്മൂട്ടിയും പൃഥ്വി രാജും ഫാൻസുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യ ഹർജിയിൽ വിധി അനുകൂലമായി രാമലീലയ്ക്ക് മുമ്പേ താരത്തിന് പുറത്തിറങ്ങാനാകണെന്ന പ്രാർത്ഥനായാണ് ദിലീപിന്റെ ഫാൻസുകാർക്കുള്ളത്. മോചനം സാധ്യമായാൽ വമ്പൻ സ്വീകരണവും ദിലീപിന് നൽുകം. റോഡ് ഷോയും നടത്തും. എന്നാൽ ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് ഉറപ്പാണ്. നാദിർഷായുടെ ജാമ്യ ഹർജി വാദത്തിനിടെ ഉയർന്ന പൊലീസിനെതിരായ പരാമർശങ്ങളെ മറികടക്കാനുള്ള കടുത്ത നിലപാടും പ്രോസിക്യൂഷൻ എടുക്കും. കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമെന്നും ഹൈക്കോടതിയെ പ്രോസിക്യൂഷൻ നൽകിയിട്ടുണ്ട്. ദിലീപിന് ജാമ്യം അനുവദിക്കാൻ സമ്മതിക്കാതെ വിചാരണ തടവുകാരനാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.

നാദിർഷയെ ചോദ്യം ചെയ്തശേഷം 18-ന് ജാമ്യഹർജി പരിഗണിക്കാമെന്ന് ജസ്റ്റീസ് ഉബൈദ് നിലപാട് എടുത്തിരുന്നു. എന്നാൽ ഇന്നലെ നാദിർഷായെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് ചോദ്യം ചെയ്യല്ലിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ നാദിർഷയെ ചോദ്യം ചെയ്യുന്നത് പൊലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയിൽ കഴിയുന്ന നാദിർഷാ പൊലീസിനെ അറിയിച്ചെങ്കിലും ഇന്നലെ ഇനി ചോദ്യം ചെയ്യൽ വേണ്ടെന്നായിരുന്നു പൊലീസ് നിലപാട് എടുത്തത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിർഷാ ചോദ്യം ചെയ്യല്ലിനായി ആലുവ പൊലീസ് ക്ലബിലെത്തിയത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയണമെന്ന് ഹൈക്കോടതി നാദിർഷയോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ നിർദ്ദേശം.

ഇന്നലെ രാവിലെ 9.45 ഓടെയാണ് നാദിർഷ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. തുടർന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കവെയാണ് നാദിർഷായുടെ രക്തസമ്മർദം ഉയർന്നത്. ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്കായി ഡോക്ടർമാരുടെ സംഘത്തെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. റൂറൽ എസ്‌പി എ.വി ജോർജ്, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ബൈജു പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നതായും കണ്ടെത്തി. വൈദ്യ പരിശോധനയിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ മാത്രമേ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യലിനു വിധേയമാക്കുകയുള്ളു എന്ന് റൂറൽ എസ്‌പി എ.വി. ജോർജ്ജ് അറിയിച്ചു. ഇക്കാര്യം കോടതിയെ അറിയിക്കും.

ഇതിന് മുമ്പ് നാദിർഷയോട് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നതാനാൽ അദ്ദേഹത്ത് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, താൻ അന്വേഷണ സംഘവുമായി സഹകരിച്ചിരുന്നെന്നും എന്നാൽ, പൊലീസ് ഭീഷണിപെടുത്തുന്നതായും കാണിച്ച് നാദിർഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. അതിനിടെ കേസിന്റെ അന്വേഷണം പൂർത്തിയായാൽ മാത്രമേ കേസിനെ കുറിച്ച് പ്രതികരിക്കുകയുള്ളുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കേസിൽ പൊലീസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന് വ്യക്താമക്കി ഗണേശ് കുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സിനിമാ രംഗത്തുനിന്നും നിരവധി വിമർശനങ്ങൾ പൊലീസിനുനേരെ ഉയരുകയും ചെയ്തിരുന്നു.

എന്നാൽ കേരള പൊലീസിന്റെ അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്നും കേസ് സിബിഐക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും നടിയുടെ ബന്ധു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് ഭീക്ഷണിക്കത്തുകൾ വന്ന സംഭവും ഗൗരവമായി കാണുമെന്നും ബെഹ്റ വ്യക്തമാക്കി.


9/16/2017 | 163
Header 1687