January 17 Wednesday 2:35:44 PM

സംസ്ഥാനമെങ്ങും കനത്ത മഴ, ഉരുൾപൊട്ടലിൽ ഒരു മരണം; കേരളത്തിൽ അത്യന്തം കനത്ത മഴക്ക് സാധ്യത; മണ്ണിടിച്ചിലിനും സാധ്യത

 

ഉരുൾപൊട്ടലിൽ ഉണ്ടായ വെളളക്കെട്ടിൽ വീണ് മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. പാലക്കാട് അട്ടപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. ഉരുൾപൊട്ടലിൽ ഉണ്ടായ വെളളക്കെട്ടിൽ വീണ് മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. അട്ടപ്പാടിയിൽ പരക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകൾ ഭാഗികമായി തകർന്നു. 

തെക്കൻ കേരളത്തിലും മഴ ശക്തമായി തുടരുകയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരും. തിരുവനനന്തപുരത്ത് നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരങ്ങളെപ്പോലെ ഗ്രാമപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കവേയാണ് മണ്ണിടിഞ്ഞ് വീണത്. ഇതേത്തുടർന്ന് കോട്ടയം-ചങ്ങനാശ്ശേരി പാതയിൽ റെയിൽ ഗതാഗതം മുടങ്ങി. 

വടക്കൻ കേരളത്തിലും കനത്ത മഴയാണ്. പാലക്കാട് കലക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. മൂന്നു ദിവസമായി മഴ ശക്തമായി പെയ്യുകയാണ്. മലയോര മേഖലകളിൽ വ്യാപകമായ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീതിയും നിലനിൽക്കുന്നുണ്ട്.

കനത്ത മഴയെത്തുടർന്ന് കോട്ടയം - തിരുവനന്തപുരം റെയിൽവെ ലൈനിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിനാൽ ഈ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ അനവദിക്കാൻ KSRTC തീരുമാനിച്ചു.


9/17/2017 | 74
Header 1693