January 17 Wednesday 2:31:46 PM

എം.ബി.രാജേഷ് കേന്ദ്ര കമ്മിറ്റിയിലെത്തും . . റിയാസ്, ഷംസീർ സംസ്ഥാന കമ്മിറ്റിയിലേക്ക്

തിരുവനന്തപുരം: സി.പി.എം നേതൃനിരയില്‍ ഇനി യുവ പോരാളികളെത്തും.

കേന്ദ്ര കമ്മിറ്റി അംഗമായി ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് എം.പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിലവിലെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എന്നിവരാണ് പുതുതായി എത്തുക.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ വി.കെ സാനുവിനെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നാണ് അറിയുന്നത്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി.തോമസ്, സെക്രട്ടറി എം.വിജിന്‍ എന്നിവരെ യഥാക്രമം കോട്ടയം, കണ്ണൂര്‍ ജില്ലാ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തും.

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇതിനകം തന്നെ തുടക്കമായിട്ടുണ്ട്.

സംസ്ഥാന സമ്മേളനം ഫിബ്രുവരിയില്‍ തൃശൂരും പാര്‍ട്ടി കോണ്‍ഗ്രസ്സ് ഏപ്രിലില്‍ ഹൈദരാബാദിലുമാണ് നടക്കുക.

സി.പി.എമ്മിന് രാജ്യത്ത് ഏറ്റവും അധികം പാര്‍ട്ടി അംഗങ്ങളുള്ള ജില്ലയായി കണ്ണൂര്‍ മാറിയതില്‍ സംസ്ഥാന നേതാക്കള്‍ ഹാപ്പിയാണ്. പാര്‍ട്ടിക്ക് ഏറ്റവും അധികം രക്തസാക്ഷികള്‍ ഉള്ള ജില്ലയും കണ്ണൂര്‍ തന്നെയാണ്.

സംഘപരിവാര്‍ സംസ്ഥാനത്ത് പിടിമുറക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ ശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കുക എന്നതും സി.പി.എം സമ്മേളനങ്ങളിലെ പ്രധാന അജണ്ടയാണ്.
21698218_2004847259751138_1466690332_n
ബ്രാഞ്ച് തലം തൊട്ട് വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തകരെ പാര്‍ട്ടി ഘടകങ്ങളില്‍ സജീവമായി ഉയര്‍ത്തി കൊണ്ടുവരുന്ന തരത്തില്‍ പുതിയ കമ്മിറ്റികള്‍ തിരഞ്ഞെടുക്കാനാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന മികവ് വിലയിരുത്തി നല്ല പ്രകടനം കാഴ്ചവയ്ക്കാത്തവരെ ബന്ധപ്പെട്ട ഘടകത്തില്‍ നിന്നും മാറ്റി നിര്‍ത്തും.

സി.പി.എം. ബ്രാഞ്ച്മുതല്‍ കേന്ദ്രക്കമ്മിറ്റിവരെയുള്ള ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരമാവധി പ്രായപരിധി എണ്‍പതാക്കി നിശ്ചയിക്കാനാണ് തീരുമാനം.

കീഴ്ഘടകങ്ങളുടെ സമ്മേളനം നടത്തുന്നതുസംബന്ധിച്ച മാര്‍ഗരേഖയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, കമ്മിറ്റികളില്‍ പത്തുശതമാനം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യും.

ഓരോ പ്രദേശത്തെയും സാമൂഹിക സവിശേഷതകള്‍ പരിഗണിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെയും പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തണമെന്നും മാര്‍ഗരേഖ നിര്‍ദേശിച്ചിട്ടുണ്ട്.

പാര്‍ട്ടി കമ്മിറ്റികളില്‍ അംഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്നത് സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമാണ്. അനുഭവജ്ഞാനമുള്ള മുതിര്‍ന്ന നേതാക്കളെ ഏത് കമ്മിറ്റികളിലും ക്ഷണിതാവായി ഉള്‍പ്പെടുത്താം. അവര്‍ക്ക് വോട്ടവകാശം ഉണ്ടാവില്ലെന്നുമാത്രം. വിഎസ് അച്ച്യുതാനന്ദനും ഈ പരിഗണനയിലാണ് ഇപ്പോള്‍ കേന്ദ്ര കമ്മറ്റിയില്‍ തുടരുന്നത്.

പ്രായപരിധി നിര്‍ദേശം നടപ്പാവുമ്പോള്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകുന്ന പ്രധാനി മലയാളിയായ പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയായിരിക്കും. 1938 ഫെബ്രുവരി ഏഴാണ് രാമചന്ദ്രന്‍ പിള്ളയുടെ ജനനത്തീയതി. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ എസ്.ആര്‍.പി.ക്ക് 80 വയസ്സ് കഴിയും. 

പ്രാദേശിക കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം വ്യത്യസ്തമായ രീതിയിലാണ്. കേരളത്തില്‍ ഏരിയ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 19ല്‍നിന്ന് 21 ആക്കി ഉയര്‍ത്തും. ഈ കമ്മിറ്റികളില്‍ രണ്ടുപേര്‍ വനിതകളും അത്രതന്നെ യുവാക്കളേയുമാണ് പരിഗണിക്കുക.

കേരളത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ നല്ലൊരു വിഭാഗം എയ്ഡഡ് സ്‌കൂള്‍ അധ്യാപകരും സഹകരണ ജീവനക്കാരുമാണ്. ഉയര്‍ന്ന കമ്മിറ്റികളില്‍ ഇത്തരം ആളുകളെ പരിഗണിക്കേണ്ട എന്നാണ് നിര്‍ദേശം. മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണന.


9/17/2017 | 74
Header 1695