January 17 Wednesday 6:29:55 AM

സൂപ്പര്‍താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല, തുറന്നടിച്ച് യുവതാരങ്ങള്‍; അമ്മയില്‍ പൊട്ടിത്തെറി

AMMA

കൊച്ചി: നടന്‍ ദിലീപിനെച്ചൊല്ലി താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമായെന്ന് സൂചന. യുവതാരങ്ങള്‍ നേതൃത്വം നല്‍കുന്ന വിഭാഗം ഒരു വശത്തും മുതിര്‍ന്ന താരങ്ങളുടെ വിഭാഗം മറുവശത്തും നിന്നാണ് പോരാട്ടം രൂക്ഷമായിരിക്കുന്നത്. ഓണച്ചിത്രങ്ങളുടെ തകര്‍ച്ചയാണ് ഭിന്നത രൂക്ഷമാകാന്‍ കാരണം. സിനിമയുടെ വിജയത്തിന് നിര്‍ണ്ണായക ഘടകമായിരുന്ന മാധ്യമങ്ങളെ ദിലീപ് വിഷയത്തില്‍ പിണക്കിയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് യുവതാരങ്ങളുടെ ആക്ഷേപം. 

മാധ്യമങ്ങളോടുള്ള അമ്മയുടെ സമീപനം മാറ്റമണമെന്ന് യുവതാരങ്ങള്‍ക്ക് ശക്തമായ അഭിപ്രായമുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല. എന്നാല്‍ തങ്ങളുടെ കാര്യം അങ്ങനെയല്ല. റിവ്യു വായിച്ചിട്ടാണ് ഇന്ന് പ്രേക്ഷകര്‍ സിനിമ കാണാന്‍ പോകുന്നത്. മാധ്യമങ്ങളില്‍ മോശം റിവ്യു വരാന്‍ തുടങ്ങിയതോടെ തീയറ്ററുകളില്‍ ആളില്ലാതായെന്നും യുവതാരങ്ങള്‍ തുറന്നടിക്കുന്നു. ജൂലൈയില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ താരങ്ങള്‍ രണ്ട് തട്ടിലാണ്. 

അറസ്റ്റിന് പിന്നാലെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് യുവതാരങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. പൃഥിരാജിന്റെ നേതൃത്വത്തില്‍ യുവതാര നിര ഒന്നടങ്കം മറുചേരിയിലാണ്. അതിനിടെ നേരത്തെ ദിലീപിനെ പിന്തുണച്ച അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ മറുചേരിയില്‍ എത്തിയിട്ടുണ്ട്. താന്‍ കേസില്‍ പെട്ടപ്പോള്‍ അമ്മ പിന്തുണച്ചില്ലെന്നാണ് അജുവിന്റെ ആക്ഷേപം. 

വാര്‍ത്താ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ അമ്മ ഭാരവാഹി കൂടിയായ ഇടവേള ബാബു താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനെതിരെയും യുവതാരങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ഓണപ്പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ട പ്രമുഖ വാര്‍ത്താ ചാനലിനോട് സംഘടനയിലെ കുലംകുത്തി ആകാന്‍ താനില്ലെന്ന് മമ്മൂട്ടി മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചാനല്‍ ബഹിഷ്‌കരണത്തോട് യുവ താരങ്ങള്‍ക്ക് യോജിപ്പില്ല. 

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അമ്മ ജനറല്‍ ബോഡി യോഗം ഉടന്‍ വിളിക്കണമെന്ന് യുവ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് ഭയന്ന് യോഗം വിളിക്കുന്നത് നീട്ടിക്കൊണ്ട് പോകാനാണ് ഇടവേള ബാബുവിന്റേയും മറ്റ് ഭാരവാഹികളുടേയും നീക്കം.


9/9/2017 | 21
Header 1619