January 17 Wednesday 6:32:17 AM

ഖത്തറിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ തുർക്കി

 

ദോഹ ∙ ഖത്തറിലേക്കുള്ള കയറ്റുമതി കൂടുതൽ ശക്തമാക്കാൻ തുർക്കി. ഒക്ടോബർ 26 മുതൽ 29 വരെ ദോഹയിൽ നടക്കുന്ന ഭക്ഷ്യ, ഉപഭോക്തൃ മേളയിൽ തുർക്കിയിൽനിന്നുള്ള വ്യവസായികളും പങ്കെടുക്കും. കയറ്റുമതിയുമായി ബന്ധപ്പെട്ട സമ്മേളനവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും വ്യവസായികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ ആവശ്യങ്ങൾ മനസ്സിലാക്കി കയറ്റുമതിയിൽ മുൻതൂക്കം നൽകാൻ കഴിയും. തുർക്കിയിൽനിന്നുള്ള പ്രധാന കയറ്റുമതി യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. എന്നാൽ, യൂറോപ്യൻ വിപണിയേക്കാൾ തുർക്കിക്കു ലാഭകരമാണു ഖത്തറിലെ വിപണി. ഉൽപന്നങ്ങളുടെ പ്രചാരണം വളരെയെളുപ്പത്തിൽ ചെയ്യാൻ ഖത്തറിൽ കഴിയും. തുർക്കി ഉൽപന്നങ്ങൾ ഖത്തറിൽ ഇതിനകംതന്നെ ശ്രദ്ധേയമാവുകയും ചെയ്തു. 

തുർക്കിയിൽനിന്നു ഖത്തറിലേക്കുള്ള കയറ്റുമതിയിൽ മൂന്നു മാസത്തിനുള്ളിൽ 84% വർധനയാണുണ്ടായത്. തുർക്കിഷ് എക്സ്പോർട്ടേഴ്സ് അസംബ്ലിയെ ഉദ്ധരിച്ച് അനഡോലു വാർത്ത ഏജൻസിയാണ് ഇതു റിപ്പോർട്ടു െചയ്തത്. അയൽ ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയശേഷം തുർക്കിയിൽനിന്നു ഖത്തറിലേക്കുള്ള കയറ്റുമതി ഇതുവരെ 165 ദശലക്ഷം ഡോളറിന്റേതാണ്. ഓഗസ്റ്റിൽ മാത്രം 65 ദശലക്ഷം ‍ഡോളറിന്റെ കയറ്റുമതിയാണു നടന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 75% വർധനയാണിത്. മരിടൈം, ലൈവ്സ്റ്റോക്ക് ഉൽപന്നങ്ങളാണു തുർക്കിയിലേക്കുള്ള കയറ്റുമതിയിൽ കൂടുതൽ. 8.6 ദശലക്ഷം ഡോളർ വരുമിത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് മേഖലയാണു രണ്ടാമത്; എട്ടു ദശലക്ഷം ഡോളർ. ഉപരോധത്തിനു മുൻപു മേയിൽ 36.2 ദശലക്ഷം ഡോളറായിരുന്നു തുർക്കിയിൽനിന്നു ഖത്തറിലേക്കുള്ള കയറ്റുമതി. ജൂണിൽ അത് 52.4 ദശലക്ഷം ഡോളറായി ഉയർന്നു.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി വ്യാപാരം ഈ വർഷം ഇതുവരെ 600 ദശലക്ഷം ഡോളറിലെത്തിക്കഴിഞ്ഞു. തുർക്കിയിൽനിന്നു ഖത്തറിലേക്കുള്ള കയറ്റുമതി കഴിഞ്ഞവർഷം 440 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഓഗസ്റ്റിൽ ഖത്തറിൽനിന്നുള്ള പ്രതിനിധി സംഘം തുർക്കിയിലെത്തുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 15 കരാറുകളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഒപ്പുവച്ചിട്ടുള്ളത്. ഭക്ഷ്യോൽപാദന, നിർമാണ മേഖലകൾ, ഗതാഗതം, പ്ലാസ്റ്റിക് വ്യവസായം തുടങ്ങിയ മേഖലകളിലാണു കരാറുകൾ.


9/9/2017 | 34
Header 1625