January 17 Wednesday 6:34:00 AM

അതിക്രമങ്ങളിൽ നിന്നു സംരക്ഷണം: ഉത്തരവാദിത്തം ഉറപ്പാക്കി ഖത്തർ

ദോഹ∙ വംശഹത്യകളിൽനിന്നും കരുതിക്കൂട്ടിയുള്ള അതിക്രമങ്ങളിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ ഉത്തരവാദിത്തപൂർണമായ നിലപാടാണ്‌ ഖത്തർ എന്നും കൈക്കൊണ്ടിട്ടുള്ളതെന്ന്‌ യുഎന്നിലെ ഖത്തറിന്റെ സ്‌ഥിരം പ്രതിനിധി ഷെയ്‌ഖ ആലിയ അഹ്‌മദ്‌ ബിൻത്‌ സയീഫ്‌ അൽതാനി. സംരക്ഷണോത്തരവാദിത്തം എന്ന വിഷയത്തിൽ യുഎൻ പ്രതിനിധിസഭയിൽ നടന്ന സമ്മേളനത്തിലാണ്‌ ഈ വിഷയത്തിൽ ഖത്തറിനുള്ള പ്രതിബദ്ധത അവർ എടുത്തുകാട്ടിയത്‌. അതിക്രമങ്ങളിൽ നിന്നു സമൂഹത്തിന്‌ സംരക്ഷണം ഉറപ്പാക്കേണ്ടത്‌ യുഎൻ അംഗരാജ്യങ്ങളുടെ കൂട്ടുത്തരവാദിത്തമാണ്‌. ഇതിനൊപ്പം മനുഷ്യാവകാശ ലംഘനങ്ങൾക്കും അറുതി വരുത്തേണ്ടതുണ്ടെന്ന്‌ അവർ പറഞ്ഞു. ഈ വിഷയങ്ങളിലെല്ലാം മുൻനിര പ്രവർത്തനമാണ്‌ ഖത്തർ നടത്തുന്നത്‌. സംരക്ഷണ സൗഹൃദാംഗം എന്ന നിലയിൽ ഏറ്റവും ഉന്നതമായ തത്വങ്ങളാണ്‌ ഖത്തർ പിന്തുടരുന്നത്‌. അതിക്രമങ്ങൾക്കെതിരെ സംരക്ഷണം ഉറപ്പാക്കുന്നതു സംബന്ധിച്ച പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കാൻ ഉന്നതോദ്യോഗസ്‌ഥനെ നിയമിച്ച രാജ്യമാണ്‌ ഖത്തർ. 

മനുഷ്യരാശിക്കു നേരേയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്യാൻ ഈ വർഷം ജനുവരിയിൽ യുഎന്നും ഗ്ലോബൽ സെന്റർ ഫോർ റെസ്‌പോൺസിബിലിറ്റി ടു പ്രൊട്ടെക്‌ടും ഗൾഫ്‌ സഹകരണ കൗൺസിലും സഹകരിച്ച്‌ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിന്‌ വേദിയൊരുക്കിയത്‌ ഖത്തറാണ്‌. സായുധ ലഹളകളിൽ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച്‌ ശിക്ഷയുറപ്പാക്കുന്നതു സംബന്ധിച്ച്‌ ഗ്ലോബൽ സെന്റർ ഫോർ റെസ്‌പോൺസിബിലിറ്റി ടു പ്രൊട്ടെക്‌ട്‌ ഏപ്രിലിൽ നടത്തിയ വാർഷിക യോഗത്തിനും ദോഹയാണ്‌ വേദിയായതെന്ന കാര്യവും ഷെയ്‌ഖ ആലിയ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നതിലും ഈ വിഷയത്തിൽ ഗവേഷണങ്ങൾ സംഘടിപ്പിക്കുന്നതിലും ദോഹ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്‌ ഗ്രാജ്വേറ്റ്‌ സ്‌റ്റഡീസിലെ സംഘർഷ, മനുഷ്യാവകാശ പഠനകേന്ദ്രം സ്‌തുത്യർഹമായ സേവനമാണ്‌ നടത്തുന്നതെന്നും അവർ പറഞ്ഞു.


9/9/2017 | 32
Header 1627