January 17 Wednesday 1:02:56 PM

ആഴ്ചയിലൊരിക്കല്‍ കാബേജും കോളിഫ്‌ളവറും കഴിക്കുന്നത് കാന്‍സര്‍ തടയും

ആഴ്ചയിലൊരിക്കല്‍ കാബേജോ കോളിഫ്‌ളവറോ കഴിക്കൂ കാന്‍സര്‍ തടയാം. കാബേജും കോളിഫ്‌ളവറും കഴിക്കുന്നത് കാന്‍സര്‍ തടയാന്‍ ഫലപ്രദമെന്ന് പഠനം തെളിയിക്കുന്നു. കാന്‍സര്‍ തടയുന്ന ഭക്ഷണങ്ങളെ കുറിച്ച് വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. ബ്രാസിക്ക എന്ന ഭക്ഷണ വിഭാഗത്തില്‍ പെട്ട കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി, റാഡിഷ് തുടങ്ങിയവയില്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന പോഷകം കാന്‍സര്‍ തടയുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടത്രെ. ഓക്‌സ്‌ഫോര്‍ഡ് ജേണല്‍ ആയ അന്നല്‍സ് ഓഫ് ഓങ്കോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

കാബേജോ ബ്രൊക്കോളിയോ കഴിക്കാത്തവരെ അപേക്ഷിച്ചു കഴിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 17 ശതമാനമായി കുറയുന്നു. കൂടാതെ ബ്രൊക്കോളിയില്‍ സള്‍ഫൊറാഫെന്‍ എന്ന പോഷകം ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നതായും അതിനു സാധാരണ കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തി പ്രോസ്റ്റേസ്റ്റ് മുഴകളെ നശിപ്പിക്കാനും കഴിവുണ്ട്.

ഇത്തരം പച്ചക്കറികള്‍ കഴിക്കുന്നത് കാരണം അന്നനാളത്തിലെ അര്‍ബുദത്തിനുള്ള സാധ്യത നാലിലൊന്നും കുടലിലെ അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനുമുള്ള സാധ്യത അഞ്ചില്‍ ഒന്നും വൃക്കയില്‍ അര്‍ബുദത്തിനുള്ള സാധ്യത മൂന്നില്‍ ഒന്നും ആയി കുറയുമെന്നും പഠനം പറയുന്നു.

കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് സ്ത്രീകള്‍ക്ക് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന സള്‍ഫൊറാഫെന്‍ സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ആദ്യഘട്ടങ്ങളില്‍ത്തന്നെ തടയുന്നതായും പഠനം വെളിവാക്കുന്നു. സ്തനാര്‍ബുദം ബാധിച്ചവരും ഭക്ഷണത്തില്‍ കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി എന്നിവ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തന്മൂലം ഇവയിലടങ്ങിയിരിക്കുന്ന സള്‍ഫൊറാഫേന്‍ എന്ന സംയുക്തം സ്തനാര്‍ബുദ വളര്‍ച്ചയെ തന്നെ സാവധാനത്തിലാക്കുന്നെന്നും പഠനം പറയുന്നു.

അര്‍ബുദം തടയുന്നതില്‍ സള്‍ഫൊറാഫേനുള്ള കഴിവ് വളരെ മുന്‍പുതന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അര്‍ബുദ വളര്‍ച്ച സാവധാനത്തില്‍ ആക്കുന്നതില്‍ സള്‍ഫൊറാഫേന് പങ്കുണ്ടെന്ന് കണ്ടെത്തി.
സ്തനാര്‍ബുദം ഉണ്ടെന്നു കണ്ടെത്തിയ സ്ത്രീകളുടെ സ്തനങ്ങളിലെ കോശങ്ങളില്‍ സള്‍ഫൊറാഫേറ്റിന്റെ സ്വാധീനത്തെപ്പറ്റി നടത്തിയ ആദ്യ ക്ലിനിക്കല്‍ പരീക്ഷണത്തിലെ ഫലങ്ങളാണിത്.

സ്തനാര്‍ബുദം ബാധിച്ച 54 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരില്‍ ചിലര്‍ക്ക് സള്‍ഫൊറാഫേന്‍ അടങ്ങിയ സപ്ലിമെന്റുകളും ചിലര്‍ക്ക് ഡമ്മി ഗുളികകളും നല്‍കി. ഭക്ഷണത്തില്‍ ദിവസവും ഒരു കപ്പ് കോളിഫ്‌ലവര്‍ അല്ലെങ്കില്‍ കാബേജ് കഴിച്ചാല്‍ എത്രയുണ്ടാകുമോ അതിനു തുല്യമായ അളവിലാണ് സള്‍ഫൊറാഫേന്‍ നല്‍കിയത്.

സള്‍ഫൊറാഫേന്‍ അര്‍ബുദ കോശ വളര്‍ച്ചയെ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കോശവളര്‍ച്ചയുടെ സൂചകങ്ങളില്‍ കണ്ട കുറവ് സൂചിപ്പിക്കുന്നു. ഇത് ഗവേഷകരെ അതിശയിപ്പിച്ചു. ട്യൂമര്‍സപ്രസര്‍ ജീനുകളെ ത്വരിതപ്പെടുത്തുന്ന ഹിസ്റ്റോണ്‍ ഡി അസെറ്റിലേസസിനെ അഥവാ എച്ച് ഡി എ സിയെ സള്‍ഫൊറാഫേന്‍ തടയുന്നതാണ് ഇതിനു കാരണം. ഈ ജീനുകള്‍ അര്‍ബുദ കോശങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നു.
സള്‍ഫൊറാഫേന്‍ ഉള്ളില്‍ ചെല്ലുന്നത് എച്ച് ഡി എ സിയുടെ പ്രവര്‍ത്തനത്തേയും അര്‍ബുദ കോശവളര്‍ച്ചയേയും തടയുന്നതായി കാന്‍സര്‍ പ്രിവന്‍ഷന്‍ റിസേര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

അര്‍ബുദം തടയുക, അര്‍ബുദ വ്യാപനം സാവധാനത്തിലാക്കുക, രോഗം വീണ്ടും വരുന്നതിനെ തടയുക എന്നിങ്ങനെ അര്‍ബുദരോഗ ചികിത്സയില്‍ സള്‍ഫൊറാഫേന്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു

കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ അന്നനാളം, കുടല്‍, വൃക്ക, സ്തനാര്‍ബുദ സാധ്യതകള്‍ കുറയ്ക്കുമെന്നാണ് പഠനം വെളിവാക്കുന്നത്.
NB: പച്ചക്കറികള്‍ തിരഞ്ഞെടുക്കുമ്പോള്‍ കീടനാശിനി പ്രയോഗം നടന്നിട്ടില്ലെന്നും ശുദ്ധമായതാണെന്നും ഉറപ്പു വരുത്തുക.


8/2/2017 | 38
Header 1316