January 17 Wednesday 2:36:50 PM

ഫാ. ഉഴുന്നാൽ കേരളത്തിലേക്ക് ഉടൻ വരുന്നില്ല. അടുത്ത ബന്ധുക്കളേ വത്തിക്കാനിലേക്ക് കാണിക്കാൻ കൊണ്ടുപോകും

അവകാശവാദങ്ങൾ കേരളത്തിൽ തിമർത്ത് മറിയുമ്പോൾ ഫാ.ഉഴുന്നാൽ റോമിലെത്തി.   ഉടൻ കേരളത്തിലേക്ക് വരുന്നില്ല. കേരളത്തിൽ സ്വീകരണം ഒരുക്കി കാത്തിരുന്ന സഭാ നേതാക്കൾക്ക് തല്ക്കാലം നിരാശ. അടുത്ത ബന്ധുക്കളേ വത്തിക്കാനിൽ എത്തിച്ച് ഫാ.ഉഴുന്നാലിനേ കാണിക്കാൻ വത്തിക്കാൻ നേരിട്ട് സൗകര്യം ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്നും ബിഷപ്പുമാരോ, കർദ്ദിനാളോ വത്തിക്കാനിലെത്തി ഉഴുന്നാലിനേ കാണാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല ഫ്രാൻസിസ് മാർപാപ്പയേയും ഫാ.ഉഴുന്നാൽ സന്ദർശിച്ചു.

കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് ഉഴുന്നാലിനെ  സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും  ഒരുക്കിയിരുന്നു. വത്തിക്കാനിൽ എത്തിയ ഉടൻ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാവേണ്ടിയിരുന്നതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്പസാരിക്കണമെന്ന ആവശ്യം അനുവദിച്ചു.

കേരളം കാത്തിരുന്ന മോചനത്തിന്റെ ആഹ്ളാദം അലയടിച്ചത് വത്തിക്കാനിൽ.

ഇന്നു പുലര്‍ച്ചെ വത്തിക്കാനിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിക്ക് വത്തിക്കാന്‍ നല്‍കിയത് ഗംഭീര സ്വീകരണം .ഫാ.തോമസ് അഞ്ചുകണ്ടം , ഫാ. ഫ്രാന്‍സിസ്‌കോ സെരഡാ, ഫാ. സൈമി എഴനിക്കാത്ത്, ഫാ റെനാറ്റോ സാന്റോസ്, ഫാ. അബ്രഹാം കവലക്കാട്ട്, ബിഷപ്പ് പോള്‍ ഹിന്റര്‍ , ഫാ. സെര്‍ജിയോ പെല്ലിനി ,ബ്രദ. ടാര്‍ഷിയോ ഗസലോ എന്നിവരാണ് ഫാദര്‍ ടോം ഉഴുന്നാലിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്.

ഐഎസ് തടവറയില്‍ കഴിഞ്ഞ ദിവസങ്ങളിലത്രയും താന്‍ മനസു കൊണ്ട്  കുര്‍ബാന അര്‍പ്പിച്ചിരുന്നതായി അദ്ദേഹം പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒന്നരവര്‍ഷത്തോളം നീണ്ട ഐഎസ് ക്യാംപിലെ ജീവിതത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിവരിച്ചു.ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ക്കൊപ്പം ഇത്രനാള്‍ നീണ്ട ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ഫാദര്‍ പറഞ്ഞു.

ഫാദര്‍ ടോം ഉഴുന്നാലിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കിടെയാണ് കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ തന്നെ തട്ടിക്കൊണ്ടു പോയത്.അറബിയും അല്‍പം ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു അവര്‍. തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പക്ഷേ മോശമായ പെരുമാറ്റം അവരില്‍ നിന്നുണ്ടായിട്ടില്ല.എന്നാല്‍ ഐഎസ് ക്യാംപിലെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. തടവില്‍ കഴിഞ്ഞ കാലമത്രയും ഒരേ വസ്ത്രമായിരുന്നു ധരിച്ചത്. ശരീരഭാരം ക്രമാതീതമായി കുറയാന്‍ തുടങ്ങിയപ്പോള്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ അവര്‍ തന്നു.  തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റി.  പക്ഷേ ഓരോ തവണ സ്ഥലം മാറുമ്പോഴും അവരെന്റെ കണ്ണുകെട്ടിയാണ് കൊണ്ടു പോയിരുന്നത്.

2016 മാര്‍ച്ച് മൂന്നിനാണ് ഏദനില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ എന്നെ തട്ടിക്കൊണ്ടു പോയത്. ആ കൂട്ടക്കൊല നടന്ന ആ രാത്രിക്ക് മുന്‍പുള്ള ദിവസം ചാരിറ്റി ഹൗസിന്റെ ഡയറക്ടറുമായി യെമനിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഞാന്‍ സംസാരിക്കുകയുണ്ടായി.യുദ്ധഭൂമിയില്‍ പ്രവര്‍ത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ജീവന്‍ പണയം വച്ചുള്ള കളിയാണെന്നും യേശുവിന് വേണ്ടി ഇവിടെ നമ്മുക്കെല്ലാം ഒരുമിച്ച് രക്തസാക്ഷിത്വം വഹിക്കാന്‍ സാധിച്ചാല്‍ അതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എനിക്ക് യേശുവിന് വേണ്ടി ജീവിക്കണമെന്നായിരുന്നു അവിടെയുണ്ടായിരുന്നു പ്രായം കുറഞ്ഞ ഒരു കന്യാസ്ത്രീ പറഞ്ഞത്…. അത്ഭുതകരമെന്ന് പറയട്ടെ പിറ്റേന്ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ ആ യുവകന്യാസ്ത്രീ രക്ഷപ്പെടുകയും ചെയ്തു.

ടോം ഉഴുന്നാലിന്റെ വൈദ്യപരിശോധന രാവിലെ നടത്തി . പോഷകാഹാര കുറവ്‌, വൈറ്റമിനുകൾ ഇല്ലാത്തതിനാൽ ശരീരം ക്ഷീണിച്ചു, മറ്റ് രോഗങ്ങൾ ഇതെല്ലാം അദ്ദേഹത്തേ അലട്ടുന്നു. നന്നായി നടക്കാൻ പോലും ഫാ. ഉഴുന്നാലിന്‌ സാധിക്കുന്നില്ല. നടക്കുമ്പോൾ വീഴാനായി വേച്ചു പോവുകയാണ്‌.അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേറ്റ്രളത്തിലേക്ക് പോകുന്ന കാര്യം ഫാ ഉഴുന്നാൽ പറഞ്ഞിട്ടില്ല. തല്ക്കാലം വത്തിക്കാനിൽ വിശ്രമിക്കാനാണ്‌ പരിപാടി.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം 14 കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വൻ തുക ആവശ്യപ്പെട്ടതു പിന്നീട് 64 കോടി രൂപയിലേക്ക് ഒത്തു തീർത്തതായി പറയുന്നു.  ഒമാൻ സൈനീക വിമാനത്തിൽ പണവും, തീവ്രദാദികൾ ആവശ്യപ്പെട്ട മറ്റ് അവശ്യ വസ്തുക്കളും കൊണ്ടു ചെന്നതായും തിരികെ  ഉഴുന്നാലിനേ കയറ്റി കൊണ്ടുവന്നതായും പറയപ്പെടുന്നു. എന്നാൽ മോചന ദ്രവ്യം നല്കിയ കാര്യം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യാ സർക്കാരിനേക്കാൾ കൂടുതൽ ബന്ധപ്പെട്ടത് വത്തിക്കാനും ഒമാൻ സർക്കാരുമാണ്‌.ഇതുകൊണ്ട് തന്നെ ഇതിൽ ആധികാരികമായി പറയാൻ സാധിക്കുകയും ഈ 2 രാജ്യങ്ങൾക്കാണ്‌


9/14/2017 | 39
Header 1672