January 16 Tuesday 7:24:36 PM

റഷ്യൻ അഭിഭാഷകയുമായുള്ള കൂടിക്കാഴ്ച: ട്രംപിന്റെ മൂത്തമകനെ അഞ്ചു മണിക്കൂർ ചോദ്യംചെയ്തു

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്തമകനെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തു. റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അടുപ്പമുള്ള റഷ്യൻ അഭിഭാഷകയുമായി കഴിഞ്ഞ വർഷം ജൂൺ ഒൻപതിനാണു ട്രംപ് ജൂനിയർ (39) ട്രംപ് ടവറിൽ കൂടിക്കാഴ്ച നടത്തിയത്. 

എതിർ സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സാധ്യതകൾ തകർക്കാനുള്ള വിവരങ്ങൾ തേടിയായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള കൂടിക്കാഴ്ചയെന്നാണ് ആക്ഷേപം. രാജ്യത്തെ പരമോന്നത പദവിയിലിരിക്കാനുള്ള ഹിലറിയുടെ ‘യോഗ്യതയും സ്വഭാവവും അർഹതയും’ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ചയെന്നു ട്രംപ് ജൂനിയർ തെളിവെടുപ്പിൽ മൊഴിനൽകി. 

ഹിലറിക്കെതിരെ കാര്യമുള്ള വിവരങ്ങൾ ഒന്നും കൂടിക്കാഴ്ചയിൽ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകാലത്തെ ട്രംപ് പ്രചാരണ വിഭാഗത്തിന്റെ റഷ്യാ ബന്ധം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണു മകൻ റഷ്യക്കാരിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തായത്.


9/9/2017 | 34
Header 1622