January 16 Tuesday 7:23:20 PM

സെക്‌സ് ബോംബില്‍നിന്നു മാഫിയാ റാണിയിലേക്ക്; മമതാ കുല്‍ക്കര്‍ണി കെനിയയിലെന്നു സംശയം

ന്യൂഡല്‍ഹി∙ 2500 കോടി രൂപയുടെ മയക്കുമരുന്നു കള്ളക്കടത്തു കേസില്‍ താനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുന്‍ ബോളിവുഡ് താരം മമതാ കുല്‍ക്കര്‍ണി കെനിയയില്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ക്കു സംശയം. മമതയെ അറസ്റ്റ് ചെയ്യുന്നതിനാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് താനെ പൊലീസ്. നൈജീരിയയില്‍ നിന്നാണു മമതയുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നത്.

കേസിലെ കൂട്ടുപ്രതിയും മമതയുടെ ഭര്‍ത്താവുമായ വിക്കി ഗോസ്വാമിയെ കെനിയയില്‍ അറസ്റ്റ് ചെയ്ത് ജനുവരിയില്‍ അമേരിക്കയിലേക്കു നാടുകടത്തിയിരുന്നു. വിക്കിക്കെതിരേ ന്യൂയോര്‍ക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അടുത്തുതന്നെ വിചാരണ ആരംഭിക്കുമെന്നും അമേരിക്കന്‍ അധികൃതര്‍ സിബിഐയെ അറിയിച്ചിട്ടുണ്ട്. ഇതോടെ വിക്കിയെ ഇന്ത്യക്കു വിട്ടുകിട്ടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മമത കുല്‍ക്കര്‍ണിയെയെങ്കിലും പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്. അന്ധേരിയില്‍ മമതയുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടും. 1999-ല്‍ പുറത്തിറങ്ങിയ ചന്ദാമാമ എന്ന മലയാള ചിത്രത്തിലും മമത നായികയായിരുന്നു.

karan-arjun


വിവാദങ്ങളുടെ കളിത്തോഴി

തൊണ്ണൂറുകളില്‍ കത്തുന്ന സൗന്ദര്യവുമായി ബോളിവുഡില്‍ ഉദിച്ചുയര്‍ന്ന താരം ഒരിക്കലും വിവാദങ്ങള്‍ക്കു പഞ്ഞമുണ്ടാക്കിയിരുന്നില്ല. ഏറ്റവും ഒടുവില്‍ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട് മമതയുടെ പേര് ഉയര്‍ന്നുവന്നപ്പോഴും ഞെട്ടലോടെയാണ് ബോളിവുഡ് ഏറ്റുവാങ്ങിയത്. തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമയിലെ ചൂടന്‍ താരമായിരുന്നു മമത. സ്റ്റാര്‍ഡസ്റ്റ് മാസികയുടെ കവര്‍പേജില്‍ അര്‍ധനഗ്നയായി മമത പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അസൂയാവഹമായ വളര്‍ച്ചയാണ് മമത നേടിയത്. മറ്റു നടികള്‍ക്കു സ്വപ്‌നം മാത്രം കാണാന്‍ കഴിയുന്ന തരത്തില്‍ മൂന്നു ഖാന്‍മാരുടെ കൂടെയും നായികയാകാന്‍ മമതയ്ക്കു കഴിഞ്ഞു. ഷാരൂഖ്, സല്‍മാന്‍, അമീര്‍ എന്നിവര്‍ക്കൊപ്പം മമത നായികയായി. അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പം മമത അഭിനയിച്ചു.

ചൈനാഗേറ്റ് എന്ന സിനിമയുടെ ഷൂട്ടിങിനിടെ സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മമതയുടെ പരാതി ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചയായി. മമതയെ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ സംവിധായകന്‍ ശ്രമിച്ചെങ്കിലും അധോലോകത്തലവനായ ഛോട്ടാരാജനില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് അതിനു കഴിഞ്ഞില്ല. അധോലോകത്തലവന്മാര്‍ക്ക് എക്കാലവും ബോളിവുഡിലെ സുന്ദരിമാരോട് ഉണ്ടായിരുന്ന അഭിനിവേശം മമതയുടെ കാര്യത്തിലും തെറ്റിയില്ല. മന്ദാകിനിക്കും മോണിക്ക ബേദിക്കും ശേഷം മമതയായിരുന്നു അവരുടെ പ്രിയതാരം.
ദുബായ് ജയിലില്‍ കഴിഞ്ഞിരുന്ന മയക്കുമരുന്നു മാഫിയാത്തലവന്‍ വിക്കി ഗോസ്വാമിയെ 2013-ല്‍ വിവാഹം കഴിക്കാന്‍ മമത തീരുമാനിച്ചെന്ന വാര്‍ത്ത കേട്ട് ബോളിവുഡ് ഞെട്ടി. 1997-ല്‍ അറസ്റ്റിലായി 25 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട് ദുബായി ജയിലില്‍ കഴിഞ്ഞിരുന്ന വിക്കി മുസ്ലിമായി മാറി ജയിലില്‍വച്ചു തന്നെ മമതയെ വിവാഹം കഴിക്കുകയായിരുന്നു.

mamta-kulkarni-with-aamir-khan


തുടര്‍ന്ന് മാധ്യമശ്രദ്ധയില്‍നിന്ന് ഒഴിഞ്ഞുമാറി കഴിഞ്ഞ മമത 16 വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ യോഗിനിയായെന്ന് അവകാപ്പെട്ട് വീണ്ടും രംഗത്തെത്തി. കഠിനമായ തപസിലൂടെ ആധ്യത്മികഔന്നത്യം നേടാന്‍ തനിക്കു കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. ആത്മീയതയെക്കുറിച്ച് അവര്‍ ഒരു പുസ്തകം എഴുതുകയും ചെയ്തു. താനുമായുള്ള ബന്ധത്തെ തുടര്‍ന്ന് വിക്കി നല്ലവനായെന്നും അവര്‍ പറഞ്ഞു. മയക്കുമരുന്നു മാഫിയയുമായി വിക്കിക്കു ബന്ധമുണ്ടെങ്കില്‍ അയാളെ താന്‍ കൊല്ലുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ 2016-ല്‍ മയക്കുമരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്ന 2000 കോടി രൂപയുടെ എഫഡ്രൈന്‍ എന്ന ഗുളിക അനധികൃതമായി രാജ്യാന്തര മാഫിയയ്ക്കു കൈമാറാന്‍ ശ്രമിച്ചുവെന്ന കേസില്‍ മമതാ കുല്‍ക്കര്‍ണി ഉള്‍പ്പെട്ടതായി പൊലീസ് വെളിപ്പെടുത്തി. 2016 ജനുവരിയില്‍ കെനിയയില്‍ നടന്ന രാജ്യാന്തര മയക്കുമരുന്നു മാഫിയയുടെ യോഗത്തില്‍ വിക്കിക്കൊപ്പം മമതയും പങ്കെടുത്തുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.
1992-ല്‍ തിരംഗ എന്ന ചിത്രത്തിലൂടെയാണ് കുല്‍ക്കര്‍ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നു തമിഴ്, തെലുഗ്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി. രാജ്കുമാര്‍ സന്തോഷിയുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണു മമതയുടെ അഭിനയജീവതത്തിനു തിരശീല വീഴുന്നത്.


9/9/2017 | 81
Header 1628