January 17 Wednesday 1:05:21 PM

'ആധാരത്തിനും ആധാർ ; അടുത്ത നടപടി ബിനാമി വസ്തുക്കളിന്മേലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി '

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ അടുത്ത നടപടി ബിനാമി വസ്തുക്കളിന്മേലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനാമി നിയമം ശക്തമായി നടപ്പാക്കുമെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പറഞ്ഞിരുന്നു. ''ബിനാമി സമ്പത്ത് തടയാൻ രാജ്യത്ത് 1998ൽ നിയമം നിർമ്മിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പുറപ്പെടുവിക്കുകയോ വിജ്ഞാപനം നടത്തുകയോ ചെയ്തിട്ടില്ല. വെറുതെ ഐസു പെട്ടിയിൽ വെച്ചു. ഇപ്പോഴത് പുറത്തെടുത്ത് ശക്തമായ ബിനാമി സമ്പത്ത് നിയമം രൂപീകരിച്ചു. വരും ദിവസങ്ങളിൽ നിയമം അതിന്റെ ജോലി ചെയ്യും''. ഇതായിരുന്നു പ്രഖ്യാപനം. ബിനാമി ട്രാൻസാക്ഷൻസ് (പ്രൊഹിബിഷൻ) ഭേദഗതി നിയമം നിലവിൽ ഉണ്ട്. ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷ. വസ്തു കണ്ടുകെട്ടുകയും ചെയ്യും. പക്ഷേ ഇതിലേക്കുള്ള നടപടികൾ കേന്ദ്രം എടുത്തിരുന്നില്ല. എന്നാൽ ആധാരങ്ങൾക്ക് ആധാർ നിർബന്ധമാക്കി ബിനാമികളെ കുടുക്കാൻ തുടങ്ങുകയാണ് കേന്ദ്രസർക്കാർ.

എല്ലാ ഭൂമി ഇടപാടുകളും ആധാർ അധിഷ്ഠിതമാക്കണമെന്നു സംസ്ഥാനത്തിനു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കിട്ടികഴിഞ്ഞു. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം റജിസ്‌ട്രേഷൻ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സർക്കാർ നിലപാട് അറിയാൻ നികുതി സെക്രട്ടറിക്കു വിട്ടു. വില്ലേജ് ഓഫിസുകളിലെ പോക്കുവരവിനും ആധാർ നിർബന്ധമാക്കണമെന്നു ചട്ടത്തിലുണ്ട്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഭൂമി റജിസ്‌ട്രേഷന് ആധാർ നിർബന്ധമാക്കിയിട്ടുണ്ടെന്നും കേരളവും ഇതിനു തയാറാകണമെന്നുമായിരുന്നു കത്തിലെ നിർദ്ദേശം. ഒരാളുടെ പേരിൽ രാജ്യത്ത് എവിടെയൊക്കെ, എത്രത്തോളം ഭൂമിയുണ്ടെന്നു കണ്ടെത്താൻ ആധാർ നിർബന്ധമാക്കുന്നതോടെ സാധിക്കും.

സബ് രജിസ്റ്റ്രാർ ഓഫിസിലെത്തി വിരലടയാളം മാത്രം നൽകിയാൽ വ്യക്തിയുടെ പൂർണ വിവരം ആധാർ ഡേറ്റാബേസിൽനിന്നു ലഭിക്കുന്ന തരത്തിലാണു കേന്ദ്രസർക്കാർ ആധാർ പദ്ധതി ഭൂമി ഇടപാടിൽ കൊണ്ടു വരുന്നത്. ഇതോടെ അനേകം ഭൂമി ഇടപാടുകൾ വെറുതെയാകും. ആധാർ വന്നാൽ ഇൻകം ടാക്‌സുകാർക്കു ഓരോരുത്തരോടും സോഴ്‌സ് ചോദിക്കും. ബിനാമികൾ അറിയാത്തവർ കാണും. അവർ കൈമലർത്തും. ഇതോടെ സ്വത്തിന് അവകാശികൾ ഇല്ലാതാകും. ഇത് കേന്ദ്ര സർക്കാരിലേക്ക് വന്ന് ചേരുകയും ചെയ്യും. അങ്ങനെ ബിനാമി സ്വത്തുക്കൾ കണ്ടു കെട്ടാം. റജിസ്‌ട്രേഷൻ വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയിൽനിന്ന് ആധാർ നമ്പർ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഭൂമി ഇടപാടുകൾ മുഴുവൻ ഒന്നിച്ചു ശേഖരിക്കാം. ആദായനികുതി വകുപ്പിനും വിജിലൻസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ഒരാളുടെ സമ്പാദ്യം കണ്ടെത്തുക എളുപ്പമാകും.

പരിഷ്‌കരണ നിയമ പ്രകാരം അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിനു പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. 30 ഏക്കറിൽ കൂടുതലുള്ള തോട്ടങ്ങളെ ഈ നിയമത്തിൽനിന്നും മിച്ചഭൂമി ഏറ്റെടുക്കൽ നടപടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. റബർ, കാപ്പി, തേയില, ഏലം തുടങ്ങിയവയ്ക്കും കൃഷിചെയ്യുന്ന ഭൂമിക്കും 15 ഏക്കർ ഭൂപരിധി ബാധകമല്ല. എന്നാൽ, 29 ഏക്കർ വരെ തോട്ടം ഭൂമിയുള്ളവർ പ്രത്യേക പ്ലാന്റേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവിന് അപേക്ഷിക്കണമെന്നാണ് ചട്ടം. അതായത് ആധാർ നിർബന്ധമാകുമ്പോൾ ഏതെങ്കിലും കുടുംബത്തിനോ വ്യക്തിയ്‌ക്കോ നിശ്ചിത പരിധിയിൽ അധികം വസ്തുവുണ്ടോ എന്ന് മനസ്സിലാക്കാനാകും. അത്തരം ഇടപാടുകൾ നടക്കാതെയും വരും. കാരണം ആധാർ നമ്പർ അടിച്ചു നോക്കിയാൽ ഏത് രജിസ്ട്രാർ ഓഫിസിലും ഇടപാടുകാരന്റെ സ്വത്തുക്കളെ കുറിച്ചുള്ള പൂർണ്ണ ചിത്രം ലഭ്യമാകും.

നിലവിൽ 30 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നവരുടെ വിശദാംശം എല്ലാ മാസവും റജിസ്‌ട്രേഷൻ വകുപ്പ് ആദായനികുതി വകുപ്പിനു കൈമാറുന്നുണ്ട്. അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വിലയിട്ടു രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന തിരിച്ചറിയൽ കാർഡാണ് ഇപ്പോൾ ഭൂമി റജിസ്‌ട്രേഷനായി സമർപ്പിക്കേണ്ടത്. ഫോട്ടോയും മേൽവിലാസവുമുള്ള തിരിച്ചറിയൽ കാർഡുകളേ സ്വീകരിക്കൂ. എന്നാൽ ഇതൊന്നും ഏകീകൃത സ്വഭാവത്തിലേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ പല തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തുന്നു. അതുകൊണ്ട് ഒരാൾക്ക് എത്ര ഭൂമിയുണ്ടെന്ന് കണ്ടെത്താനാകുന്നില്ല. 50 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഭൂമിയാണെങ്കിൽ പാൻ കാർഡും നൽകണം. ചില സബ് രജിസ്റ്റ്രാർമാർ 10 ലക്ഷത്തിനു മേലുള്ള ഇടപാടുകൾക്കും പാൻ കാർഡ് വേണമെന്നു നിർബന്ധം പിടിക്കുന്നുണ്ട്.

എന്താണ് ബിനാമി ആക്ട് ?

വസ്തുവകകൾ വാങ്ങുന്ന ആൾ സ്വന്തം പേരിൽ അവ വാങ്ങാതെ മറ്റൊരാളുടെ പേരിൽ വാങ്ങുന്നതിനെ ബിനാമി ഇടപാടെന്നും അങ്ങനെ സ്വത്ത് കൈവശമാക്കുന്ന വ്യക്തിയെ ബിനാമംഡർ എന്നും വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വ്യവസ്ഥയാണിത്. യഥാർത്ഥത്തിൽ ആരുടെ പേരിലാണോ ഇടപാടുകൾ നടത്തുന്നത് അയാൾക്ക് ഗുണഫലങ്ങൾ കിട്ടാതെ മറ്റൊരാൾക്ക് കിട്ടും വിധം ചെയ്യുന്ന ഇടപാടുകളെയാണ് ബിനാമി എന്ന് പറയുന്നത്.

കള്ളപ്പേരിലോ പകരക്കാരന്റെ പേരിലോ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നവർക്ക് വലിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. 1988 ൽ പുറത്തിറക്കിയ പ്രൊഹിബിഷൻ ഓഫ് ബിനാമി ആക്ട് (പിബിപിടി) പ്രകാരം മൂന്ന് വർഷത്തെ തടവായിരുന്നു ശിക്ഷ. എന്നാൽ 2016 ലെ പുതിയ നിയമ പ്രകാരം ബിനാമി ഇടപാടുകൾ നടത്തുന്നവർക്ക് അഞ്ച് മുതൽ ഏഴ് വരെ വർഷം വരെ തടവും ഇതിലൂടെ സമ്പാദിച്ച സ്വത്തിന്റെ വിപണിവിലയുടെ 25 ശതമാനം പിഴയും ഈടാക്കേണ്ടി വരും. ബിനാമി ആക്ടിന്റെ അധീനതയിലുള്ള വസ്തു വീണ്ടെടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല. എന്നാൽ പ്രൊഹിബിഷൻ ഓഫ് ബിനാമി പ്രോപ്പർട്ടി ആക്ട് പ്രകാരം ബിനാമി ഇടാപാടുകളേക്കുറിച്ചുള്ള കേസുകളിൽ അപ്പീൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേസ് തെളിഞ്ഞാൽ അവകാശിക്ക് യാതൊരു നഷ്ടപരിഹാരവും നൽകാതെ ബിനാമി ഇടപാടിലൂടെ സമ്പാദിച്ച സ്വത്ത് മുഴുവൻ കേന്ദ്ര സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് സാധാരണയായി ചെയ്യുക.

ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരോ പ്രദേശത്തുമുള്ള ഇൻകം ടാക്സ് കമ്മീഷണർ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ, ടാക്സ് റിക്കവറി ഓഫീസർ എന്നിവരെയാണ് പിബിപിടി ആക്ട് പ്രകാരം അന്വേഷണം നടത്താനും ആവശ്യമായ നടപടികളെടുക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇ പ്രോപ്പർട്ട് പാസ്ബുക്കും ഉടൻ

കള്ളപ്പണം കുമിഞ്ഞുകൂടിയത് റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. കള്ളപ്പണം കറൻസിയായി അല്ല വൻകിടക്കാർ സൂക്ഷിക്കുന്നതെന്നും മറിച്ച് ഭൂമി വാങ്ങിയും സ്വർണംവാങ്ങിയുമെല്ലാം നിക്ഷേപം നടത്തിയാണ് ബിനാമി പേരുകളിൽ പലരും കൈക്കൂലിയും കോഴയുമുൾപ്പെടെ ഒളിപ്പിക്കുന്നതെന്നും പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നിക്ഷേപം നടത്തിയ കള്ളപ്പണക്കാരെ പിടികൂടാനാണ് മോദിയുടെ നീക്കം. ഇതിനാണ് ആധാർ നിർബന്ധമാക്കുന്നത്. നേരത്തെ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. രാജ്യത്ത് ഓരോ വ്യക്തിക്കും ഇപ്രോപ്പർട്ടി പാസ്ബുക്ക് നൽകുമെന്ന വിധത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട സന്ദേശങ്ങൾ.

2018ൽ രാജ്യത്തെ എല്ലാ വസ്തുക്കളും ഒരു വർഷത്തേക്ക് അസാധുവാക്കും. ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള വസ്തുക്കൾ ഇപ്രൊപ്പർട്ടി പാസ് ബുക്കിൽ രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. അതുവരെ നിങ്ങളുടെ വസ്തു വിൽക്കാനോ മറ്റൊരു വസ്തു വാങ്ങാനോ അനുവാദം ഉണ്ടാകില്ല. ഇത്തരത്തിൽ നൽകുന്ന ഇപ്രൊപ്പർട്ടി പാസ് ബുക്ക് നിങ്ങളുടെ പാൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെടുത്തും. വസ്തുവിന്റെ ഉടമകൾ നേരിട്ട് ഉടമസ്ഥാവകാശ രേഖകളുമായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിൽ എത്തണം.

അവിടെ ബന്ധപ്പെട്ട സ്പെഷ്യൽ ഓഫീസർ നിങ്ങളുടെ രേഖകൾ ഇപ്രൊപ്പർട്ടി പാസ്ബുക്കുമായി ബന്ധപ്പെടുത്തും. ഇത്രയും ചെയ്തുകഴിഞ്ഞാൽ മാത്രമേ വസ്തു നിങ്ങളുടെ പേരിലേക്ക് മാറുകയും നിങ്ങൾക്ക് ക്രയവിക്രയത്തിന് അവകാശം ലഭിക്കുകയും ചെയ്യൂ. ഇതും ഉടൻ നടപ്പാക്കുമെന്നാണ് സൂചന.

 


9/17/2017 | 78
Header 1692